അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സർക്കാരിന്റെ എന്തോ പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർഥികളുടെയും ആരോഗ്യം അളക്കാൻ സ്കൂളിൽ പ്രവർത്തകർ എത്തിയിരുന്നു.
അന്ന് എന്റെ ഭാരം കണ്ട സകല മനുഷ്യരും ഒന്ന് ഞെട്ടി. വെറും ഇരുപത് കിലോ മാത്രമായിരുന്നു പത്തു വയസുള്ള എന്റെ ഭാരം.
ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടികളിൽ ഒരാളാണ്, എന്നേക്കാൾ പൊക്കം കുറഞ്ഞവർ വേറെയും ഉണ്ട് പക്ഷെ അവർക്ക് ഒക്കെ ആരോഗ്യം ഉണ്ട്, കാരണം അവർ ഒക്കെ സ്പോർട്സ് നു പലതിലും സമ്മാനം വാങ്ങുന്നവരാണ്.
നേരെ ചൊവ്വേ നടക്കാൻ പോലും ആരോഗ്യം ഇല്ലാത്തത് കൊണ്ട് ആ പരിസരത്തേക്ക് നോക്കാൻ പോലും എനിക്ക് കോൺഫിഡൻസ് ഇല്ലായിരുന്നു.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എട്ടിലും പത്തിലും ഒക്കെ പഠിക്കുന്ന ചിലരെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവരുടെ കയ്യിൽ ഞരമ്പുകൾ ഒക്കെ തെളിഞ്ഞു കാണാം. എനിക്കും അങ്ങനെ വരുത്തണം എന്ന് തോന്നി.
അതിനുള്ള വഴി അന്വേഷിച്ചപ്പോൾ ഒരു കൂട്ടുകാരൻ പറഞ്ഞു, കയ്യിലെ രോമം മുഴുവൻ വടിച്ചിട്ട് മഞ്ഞൾ വെള്ളത്തിൽ കലക്കി പുരട്ടിയാൽ മതി, വെള്ളത്തിൽ നിന്ന് ദിനോസർ പൊങ്ങി വരുന്നത് പോലെ ഞരമ്പ് തെളിഞ്ഞു വരുന്നത് കാണാൻ കഴിയുമെന്ന്.
അന്ന് തന്നെ ഞാൻ പപ്പയുടെ ഷേവിങ് സെറ്റിൽ നിന്ന് ഒരു ബ്ലേഡ് അടിച്ചു മാറ്റി പെൻസിലിന്റെ അറ്റത്തു പിടിപ്പിച്ചു കൈ രണ്ടും ഷേവ് ചെയ്തു. അടുക്കളയിൽ പോയി മഞ്ഞൾ എന്ന് തോന്നിയ പൊടിയെടുത്തു വെള്ളത്തിൽ കലക്കി തേക്കുകയും ചെയ്തു.
പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോഴാണ് എന്നേ പറ്റിച്ചതാണെന്നും അങ്ങനെ ചെയ്താൽ പിന്നെ രോമം വളരില്ല എന്നും ഒക്കെ കേൾക്കുന്നത്. പറ്റിച്ചതിലും എനിക്ക് വിഷമം ഞരമ്പ് തെളിയില്ല എന്ന സത്യം മനസിലാക്കിയപ്പോഴാണ്..
പിന്നെ ആരോ പറഞ്ഞു വ്യായാമം ചെയ്ത് മസ്സിൽ വരുമ്പോഴാണ് ഇങ്ങനെ ഞരമ്പുകൾ തെളിയുന്നത് എന്ന്.
പിന്നെ ടീവിയിലും മറ്റും കണ്ടിട്ടുള്ള വ്യായാമങ്ങൾ പരീക്ഷണം ആയിരുന്നു. മരത്തിന്റെ കൊമ്പിൽ തൂങ്ങിയും അരകല്ലിന്റെ പിള്ള കല്ല് പൊക്കിയും ആരും കാണാതെ ഞാൻ എന്റെ പരിശ്രമം തുടർന്ന് പോന്നു.
8 ക്ലാസ്സ് കഴിഞ്ഞു ഒൻപത്തിലേക്ക് കേറി, ഡ്രിൽ പീരിയഡ് ആയപ്പോൾ എല്ലാവരും ഗ്രൗണ്ടിൽ പൊക്കം അനുസരിച്ചു ലൈൻ നിന്നു. 18 ആൺ കുട്ടികളിൽ നാലാമതോ അഞ്ചാമതോ ആയിരുന്നു എന്റെ സ്ഥാനം.
അവിടെ നിന്ന എന്നെ എല്ലാവരും ഞെട്ടി നോക്കുന്നുണ്ടായിരുന്നു. എനിക്ക് ഉള്ളിൽ ചിരിയാണ്. ടീച്ചർ പറഞ്ഞു അനുപ് ഇങ്ങ് പോരെ.. അങ്ങനെ ഞാൻ പിന്നിൽ നിന്ന് നാലാം സ്ഥാനത്തേക്ക് ഒറ്റയടിക്ക് മാറി.
ആദ്യമായി കോൺഫിഡൻസ് എന്താണെന്ന് അറിയുന്നത് അന്നായിരുന്നു. അതുവരെ കേട്ടിട്ടേ ഉള്ളു. ഒരാളുടെ മുന്നിൽ പോയി നിൽക്കാനോ വാ തുറന്നു സംസാരിക്കാനോ ധൈര്യം ഇല്ലാതിരുന്ന എനിക്ക് അതിനൊക്കെ കഴിഞ്ഞപ്പോൾ വല്ലാത്ത ആത്മവിശ്വാസം തോന്നി.
പത്താം ക്ലാസിൽ വച്ചു കൂട്ടുകാരന്റെ നിർബന്ധം ഒന്നുകൊണ്ടു മാത്രം ആദ്യമായി സ്പോർട്സിൽ ഞാനും മത്സരിച്ചു. ഷോർട്പുട്ടിൽ മൂന്നാം സ്ഥാനവും ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവും കിട്ടി. ആകെ അത് രണ്ടിലും ആണ് മത്സരിച്ചത്.
ഓടാൻ ഒന്നും അപ്പോഴും വയ്യ. എന്തായാലും ഇതെല്ലാം എന്റെ പഠിത്തത്തിലും നന്നായി സ്വാധീനിച്ചു. ഞാൻ അത്ര മോശമല്ല എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയും എന്ന് തോന്നിയത് അന്നാണ്.
കഷ്ടിച്ച് പാസ് ആയിക്കൊണ്ടിരുന്ന എനിക്ക് sslc ക്കു 85% മാർക്ക് ലഭിക്കാൻ കാരണങ്ങളിൽ ഒന്ന് ഇങ്ങനെ എനിക്ക് കിട്ടിയ ആത്മവിശ്വാസം ആയിരുന്നു.
എന്നാൽ plus വണിൽ സ്കൂൾ മാറി ചെന്ന എനിക്ക് എന്റെ മുഴുവൻ ആത്മവിശ്വാസവും നഷ്ടപ്പെട്ടു. അവിടെ മുഴുവൻ നല്ല കട്ട ജിമ്മൻമാർ ആയിരുന്നു. അതും ടീവിയിൽ മാത്രം കണ്ടിട്ടുള്ളത് പോലെ.
ജിമ്മിൽ പോകാനുള്ള ധൈര്യം ഒന്നും അന്ന് ഉണ്ടായിരുന്നില്ല. വീട്ടിൽ ഇരുന്നുള്ള ചെറിയ പരിപാടികൾ തന്നെ തുടർന്നുകൊണ്ടിരുന്നു.
അങ്ങനെ എന്റെ ഒപ്പം ഉള്ളവർ എല്ലാം വളർന്നു പോകുന്നതും ഞാൻ വീണ്ടും കുഞ്ഞായി പോകുന്നതുമെല്ലാം വീണ്ടും ഞാൻ കണ്ടു.
Plus 2 കഴിഞ്ഞു അവധിയുടെ സമയം മടിച്ചു മടിച്ചു ആണെങ്കിലും ഞാനും ജിമ്മിൽ ചേർന്നു. പക്ഷെ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല. മൂന്ന് നാല് മാസം ജിമ്മിൽ പോകും പിന്നെ നിൽക്കും.. കുറെ നാൾ കഴിഞ്ഞു വീണ്ടും പോകും..
Fitness freak ആയി അറിയപ്പെട്ടെങ്കിലും സ്കൂളിലെ പോലെ ഒരു തരംഗമോ കോൺഫിഡൻസൊ ഒന്നും ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും സ്കൂൾ കാലഘട്ടം ഓർക്കുമ്പോൾ ഉള്ളിൽ ഒരു ധൈര്യം വരുന്നത് എനിക്ക് അറിയാമായിരുന്നു.
കോളേജ് കഴിഞ്ഞു കമ്പനി തുടങ്ങാൻ idea നോക്കി ഇരിക്കുന്ന സമയത്താണ് chils എന്ന മുൻപ് കഥയിൽ പറഞ്ഞ കസിൻ വീട്ടിൽ വന്നപ്പോൾ ഓടാൻ മോട്ടിവേറ്റ് ചെയ്തത്. അന്ന് അവന്റെ കൂടെ ആദ്യമായി ഞാൻ പത്തു റൗണ്ട് ഓടി, ഏതാണ്ട് 4 കിലോമീറ്റർ. അതിന് അര മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവന്നു.
വീണ്ടും പഴയ എന്തൊക്കയോ എന്റെ ഉള്ളിൽ വരുന്നത് എനിക്ക് feel ചെയ്യാൻ തുടങ്ങി. പിന്നെ എല്ലാ ദിവസവും ഓട്ടം പതിവാക്കി.
അന്ന് ഞാൻ ഇങ്ങനെ പതിയെ കഷ്ടപ്പെട്ട് ഓടുമ്പോൾ ഒരുത്തൻ എന്നേ 3 തവണ overtake ചെയ്തു ഒരു ചിരിയും ചിരിച്ചിട്ട് പോകാറുണ്ടായിരുന്നു.
33 മിനിറ്റിൽ നിന്ന് സമയം കുറച്ചു കൊണ്ടുവന്നു ഒടുവിൽ 23 മിനിറ്റ് എന്ന എന്റെ personal recordil ഞാൻ എത്തി. എന്നേ overtake ചെയ്യുന്നവൻ എന്തോ കാരണം കൊണ്ട് 2 ആഴ്ച്ച ഓടാതിരുന്നിട്ട് വന്നപ്പോൾ ഞാൻ അവനെ തിരിച്ചു 3 പ്രാവശ്യം overtake ചെയ്ത് പ്രതികാരം വീട്ടി..
ഇതൊക്കെ ചെയ്യുമ്പോൾ ഉണ്ടാകുന്ന കോൺഫിഡൻസ് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്. അങ്ങനെ 2 മാസം ഓടി തകർത്തു. 2013 ജൂൺ.. മഴ തുടങ്ങി.. ഓട്ടം നിന്നു..
ഇനി ജിമ്മിൽ പോകാനോ മസ്സിൽ ഉണ്ടാക്കാനോ നോക്കുന്നില്ല എന്ന് കരുതിയിരുന്ന എന്നേ മറ്റൊരു കസിൻ ജിമ്മിൽ പോകാൻ കൂട്ടിനു വിളിച്ചു..
ജൂൺ 3നു ഞങ്ങൾ രണ്ടും കൂടി mg യൂണിവേഴ്സിറ്റിയുടെ ജിമ്മിൽ പോയി ചേർന്നു.. അവിടെ പിന്നെ ഉണ്ടായ മാറ്റങ്ങൾ എഴുതിയാൽ തീരില്ല..
അതേ ഇന്ന് മറ്റൊരു ജൂൺ 3, നീണ്ട 9 വർഷങ്ങൾ പിന്നിടുന്നു.
എന്തിനു പോകുന്നു എന്നതിന് ഇപ്പോഴും ഒറ്റ ഉത്തരമേ ഉള്ളു.. എന്റെ കോൺഫിഡൻസ്.. ഞാൻ ആരായിരുന്നു എങ്ങനെ ആയിരുന്നു എന്ന് എനിക്ക് നല്ല ഓർമ്മയുണ്ട് അതിൽ നിന്ന് എനിക്ക് ഉണ്ടായ മാറ്റങ്ങൾ… അതാണ് എന്റെ കോൺഫിഡൻസ്.
പണ്ട് ഞാൻ മറ്റുള്ളവരുമായി എന്നേ താരതമ്യം ചെയ്യുമായിരുന്നു. എന്നാൽ ഇടയ്ക്ക് എപ്പഴോ അതൊക്കെ മാറിപ്പോയി. ഞാൻ എന്നോട് തന്നെ മത്സരിക്കാൻ ആരംഭിച്ചു. ഇന്നലെ ഞാൻ എന്തായിരുന്നോ അതിലും മികച്ചതായി ഇന്ന് മാറാൻ ശ്രമിക്കുന്നു.
പണ്ട് ജിമ്മിൽ പോകണം എന്ന് വിചാരിക്കുമ്പോൾ എന്നെ അലട്ടിയിരുന്ന വലിയ വിഷയം ആരുന്നു, ജീവിതകാലം മുഴുവൻ ഇങ്ങനെ പോകാൻ കഴിയുമോ, ജിമ്മിൽ പോയിട്ട് നിർത്തിയാൽ അത് വലിയ പ്രശ്നം ആണ്.
പിന്നെ എനിക്ക് തോന്നി ദിവസവും മൂന്ന് നേരം ഭക്ഷണം കഴിക്കാൻ എവിടെ ആണെങ്കിലും പറ്റുമെങ്കിൽ ഒരു നേരം വ്യായാമം ചെയ്യാൻ എന്തുകൊണ്ട് പറ്റില്ല എന്ന്.
എന്നോട് ആര് ഉപദേശം ചോദിച്ചാലും ഞാൻ തിരികെ ചോദിക്കും, ജീവിതം മാറ്റി മറിക്കാണോ.. ജിമ്മിൽ പോയി ചേരുക.. എന്റെ ജീവിതം മാറ്റിമറിച്ചത് അതാണ്.
അല്ലെങ്കിൽ മെലിഞ്ഞു ഉണങ്ങി യാതൊരു കോൺഫിഡൻസും ഇല്ലാതെ എന്തെങ്കിലും ഒരു ചെറിയ ജോലിയും ചെയ്തു ഏതെങ്കിലും ഒരു ഓഫീസിന്റെ മൂലയിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ ഞാൻ ഒതുങ്ങി കൂടി ഇരുന്നേനെ..
സ്വന്തം ശരീരം നന്നായി നോക്കുക, കോൺഫിഡൻസ് എന്നത് ഉള്ളിൽ പാറ പോലെ ഉറച്ചു നിൽക്കുന്നത് അറിയാൻ കഴിയും.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.