ഭരണങ്ങാനം പള്ളി കഴിഞ്ഞു വലത് വശത്തേക്ക് ഒരു റോഡ് ഉണ്ട്. രണ്ട് വശത്തും റബ്ബർ മരങ്ങൾ മാത്രം. ഇടയ്ക്ക് ഓരോ വീടുകൾ കാണാം എങ്കിലും നേരം ഇരുട്ടിയാൽ പിന്നെ വഴിയിൽ ഒരു മനുഷ്യകുഞ്ഞു പോലും ഉണ്ടാവില്ല. മറ്റൊരു വാഹനത്തെ കാണുന്നത് പോലും അപൂർവം ആയിരിക്കും.
രാത്രിയിൽ ആകാശത്തു കൊള്ളിയാൻ മിന്നുന്ന കണ്ട് മഴയെ പ്രതീക്ഷിച്ചുകൊണ്ട് ആ വഴിയിലൂടെ ഒന്ന് ബൈക്ക് ഓടിച്ചു നോക്കണം..റബ്ബർ മരങ്ങളുടെയും പേരറിയാത്ത വേറെ പല മരങ്ങളുടെ ഗന്ധവും ഏകാന്തതയും രാത്രിയുടെ ഭീകരതയും ഒന്നിക്കുമ്പോൾ ഏത് നിമിഷവും ഒരു യക്ഷി മുന്നിലേക്ക് വന്നേക്കാം എന്ന് തോന്നിപ്പോകും.
And that is one of the best feelings in the world…
പിന്നെ ഒരു ഹെവി ഐറ്റം കൂടിയുണ്ട്, ഒരു മഴ പെയ്തതിന് ശേഷമാണ് ഇങ്ങനെ പോകുന്നതെങ്കിൽ.. തീരെ ചെറിയ ചാറ്റൽ കൂടെ ഉണ്ടെങ്കിൽ.. അതിന്റെ ഒരു രസം പറഞ്ഞാൽ തീരില്ല.. രോമാഞ്ചം വരും..
ഇവിടെ എന്റെ നാട്ടിൽ കോട്ടയം പാല കാഞ്ഞിരപ്പള്ളി എന്ന റബ്ബർ triangle നു ഇടയിലായി അത്തരം വഴികൾ ഒരുപാട് ഉണ്ട്.. വഴി അറിയാത്തവൻ അതിലെ പോയാൽ പെട്ടു പോയത് തന്നെ എല്ലാ കവലയും ഏതാണ്ട് ഒരുപോലെ ഇരിക്കും.
എന്റെ ഇത്തരം യാത്രകൾ ആരംഭിക്കുന്നത് അഞ്ചാറ് വർഷങ്ങൾക്ക് മുൻപാണ്. അന്ന് എന്റെ അനിയത്തിയുടെ എൻട്രൻസ് റാങ്ക് ലിസ്റ്റ് വന്ന ദിവസം, നന്നായി പഠിക്കുന്ന ആളായിട്ട് കൂടെ റാങ്ക് താഴെ പോയി.. ( അത് വേറൊരു കഥയാണ് ). വീട്ടിൽ എല്ലാവർക്കും സങ്കടം. ആരും അവളോട് മിണ്ടുന്നില്ല.. അവൾ ഒരു വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്ന കണ്ട ഞാൻ പറഞ്ഞു എന്റെ കൂടെ വരാൻ.
നേരം ഇരുട്ടി തുടങ്ങിയിരുന്നു.. ആദ്യമായി ഒരു ലക്ഷ്യവും ഇല്ലാതെ അവളെയും പിറകിലിരുത്തി തിരക്കുകൾ കുറഞ്ഞ വഴികളിലൂടെ ഞാൻ ബൈക്ക് പതിയെ ഓടിച്ചു.. പോകുന്ന വഴിക്ക് അവളോട് സംസാരിച്ചു ഒന്ന് മോട്ടിവേറ്റ് ചെയ്യാനും നോക്കി.സംസാരിച്ചു വന്നപ്പോൾ എവിടെയൊക്കെ ആണ് അബദ്ധങ്ങൾ പറ്റിയതെന്നും എന്തായിരുന്നു യഥാർത്ഥത്തിൽ ചെയേണ്ടി ഇരുന്നത് എന്നുമെല്ലാം ഞങ്ങൾക്ക് വെളിപ്പെട്ടു കിട്ടി. അതൊരു മാജിക് പോലെ ഞങ്ങൾക്ക് അനുഭവപ്പെട്ടു.അധികം വൈകാതെ അവളുടെ വിഷമം ഒക്കെ മാറി അടുത്ത തവണ ഞാൻ ശരിയാക്കി തരാം എന്ന പോലെ ഒരു സ്പിരിറ്റ് അവൾക്ക് വരികയും ചെയ്തു.
ആ യാത്രയുടെ ടേസ്റ്റ് കിട്ടിയതോടെ പിന്നീട് അതൊരു പതിവായി. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ടെങ്കിലോ കുറച്ചു മോട്ടിവേഷൻ വേണമെങ്കിലോ എന്തെങ്കിലും വിഷമം ഉണ്ടായാലോ ഇങ്ങനെ ബൈക്കും എടുത്ത് ഒരു പോക്കാണ്.. എന്റെ ആദ്യ സംരംഭം പരാജയപ്പെട്ടതിന് ശേഷം നിരാശയുടെ പടുകുഴിയിൽ നിന്ന് വലിഞ്ഞു കയറുവാൻ സഹായിച്ചതിൽ ഒന്ന് ഇത്തരം യാത്രകൾ ആയിരുന്നു.
എന്തെല്ലാം മാലിന്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ മനസ്സിൽ അടിഞ്ഞു കൂടുന്നത്. നെഗറ്റീവ് ചിന്തകൾ, അവഗണകൾ, അങ്ങനെ എന്തെല്ലാം. അതിനെ ഒക്കെ പുറത്താക്കി മനസിനെ ശുചിയക്കാൻ ഇത് നല്ല ഒരു മാർഗ്ഗമാണ്.മാത്രമല്ല ഇവിടെ ഞാൻ എഴുതുന്ന കാര്യങ്ങൾ മിക്കതും ഉടലെടുക്കുന്നത് ഇത്തരം യാത്രകളിൽ നിന്നുമാണ്..
പക്ഷെ എന്നും ഇങ്ങനെ പോകാൻ പറ്റില്ലല്ലോ. എന്നാൽ എന്നും ചെയ്യാൻ പറ്റുന്ന രണ്ടെണ്ണം കൂടിയുണ്ട് എന്റെ കയ്യിൽ.
ഒന്ന് ജിമ്മിൽ ഉള്ള വ്യായാമം, ആരോഗ്യവും നന്നാവും, ഉള്ളിൽ ഉള്ള വിഷമവും ദേഷ്യവും എല്ലാം അവിടെ കൊണ്ടുപോയി പൊടിച്ചു കളയാനും പറ്റും.
അടുത്തതാണ് ഏറ്റവും ഡോസ് കൂടിയ ഐറ്റം. ആളും ബഹളവും ഒന്നും ഇല്ലാതെ ഒരു പ്രിത്യേക അന്തരീക്ഷം ഉള്ള ചില പള്ളികളുണ്ട്. അവിടെ പോയി വെറുതെ ഇരിക്കും. എത്ര നേരം വേണമെങ്കിലും കണ്ണുമടച്ചു ധ്യാനിച്ചു ഇരിക്കാം.മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അവിടെ ഇരുന്നാൽ സംഭവിക്കും. മുന്നോട്ട് പോകാനുള്ള വഴികൾ കാണാം, ചെയ്ത അബദ്ധങ്ങളും തെറ്റുകളും തിരിച്ചറിയാം. അങ്ങനെ ഒരുപാടു..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
1 Comment
Inspiring.