നല്ല ജോലിയോ പ്ലേസ്മെന്റോ ഒന്നും കിട്ടല്ലേ കർത്താവെ.. കോളേജിൽ പഠിച്ചപ്പോൾ എന്റെ പ്രാർഥന ഇങ്ങനെ ആയിരുന്നു.. എന്തൊരു വട്ട് അല്ലേ.. എന്നാ അതിന്റെ പിന്നിൽ ഒരു കാര്യം ഉണ്ടായിരുന്നു..
ഈ എഞ്ചിനീയറിംഗ് എടുക്കാൻ തന്നെ കാരണം അത് പഠിച്ചവർ ഒക്കെ ചില പ്രൊജെക്ടുകൾ ചെയ്തു കമ്പനി ഉണ്ടാക്കി എന്നെല്ലാം പത്രത്തിലും മറ്റും വാർത്തകൾ കണ്ട് അത് വല്ലാതെ ഇഷ്ടപ്പെട്ടിട്ട് ആയിരുന്നു..
അതൊന്നും അത്ര എളുപ്പമല്ല നടക്കാത്ത സ്വപനം ആണെന്ന് പലരും പറഞ്ഞെങ്കിലും എനിക്കും അങ്ങനെ തോന്നിയത് കോളേജിൽ ചെന്ന് കഴിഞ്ഞിട്ടാണ്..
അവിടെ അങ്ങനെ ഉള്ള ഒരു സംഭവവും പഠിപ്പിക്കുന്നില്ല.. അവിടെ നിന്ന് അങ്ങനെ നല്ല ആശയങ്ങൾ ഒന്നും കിട്ടില്ല എന്ന് തോന്നിയപ്പോൾ മുതൽ സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി..
അവസാന വർഷം ആയിട്ടും എനിക്ക് നല്ല ആശയം ഒന്നും കിട്ടിയില്ല.. അവിടെ നിന്നാണ് മുകളിലെ പ്രാർഥന തുടങ്ങുന്നത്.. ഇനി എങ്ങാനും വല്ല നല്ല ജോലിയൊക്കെ കിട്ടിയാൽ പോകാതിരിക്കാൻ പറയാൻ തക്കതായ എന്തെങ്കിലും കാരണം ഒക്കെ വേണ്ട..
എന്താണ് ഇന്ദുചൂടന്റെ ഭാവി പരിപാടി എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാനും അത് തന്നെയാണ് ആലോചിക്കുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ…
എന്തായാലും നന്നായി പഠിച്ചത് കൊണ്ട് അത്ഭുതം ഒന്നും ഉണ്ടായില്ല പ്ലേസ്മെന്റ് പോയിട്ട് അങ്ങോട്ട് കാശ് കൊടുക്കാമെന്നു പറഞ്ഞാൽ പോലും എങ്ങും ജോലി കിട്ടാൻ ഇല്ലാത്ത അവസ്ഥയാണ്.. അതുപോലെ പിള്ളേർ പഠിച്ചിറങ്ങി നിൽക്കുകയാണ്.. നല്ല മാർക്ക് ഉള്ളവർക്ക് പോലും ജോലി കിട്ടുന്നില്ല..
കാഞ്ചന മൊയ്തീന് വേണ്ടി കാത്തിരുന്നപോലെ ഞാനും നല്ല ഒരാശയം കിട്ടാൻ വേണ്ടി പിന്നെയും നോക്കിയിരുന്നു.. ഒന്നര വർഷം.. ഞാൻ പാസ്സ് ആയോന്ന് അങ്ങിങ് സംശയങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് വീട്ടുകാർ ഒരു മുന്നറിയിപ്പ് തന്നപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ജോലിയെങ്കിൽ ജോലി എന്നും പറഞ്ഞു ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിക്ക് കയറി..
കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കാൻ ഇഷ്ടമില്ലാത്ത കൊണ്ടാണ് കഷ്ടപ്പെട്ട് ഇലക്ട്രോണിക്സ് എടുത്തത്.. എന്നിട്ടും അവസാനം അതിന്റെ മുന്നിൽ തന്നെ പെട്ടുപോയല്ലോ എന്ന് വിഷമം ഒക്കെ തോന്നിയെങ്കിലും സംഭവം പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റി..
പിന്നെ ആ വഴിക്കായി ആലോചന.. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറിനു പുറത്ത് എന്തെങ്കിലും ചെയ്യാൻ കഴിയുമോ.. അങ്ങനെ ആശയം തേടി നടന്ന എന്റെ മുന്നിലേക്കാണ് അനിയത്തി വരുന്നത്.. അവളുടെ കൂട്ടുകാരുടെ birthday ക്ക് കൈ കൊണ്ട് ഗ്രീറ്റിങ് കാർഡ് ഉണ്ടാക്കി കൊടുക്കുന്നു.. അങ്ങനെ ഉണ്ടാക്കാൻ ഒരു സോഫ്റ്റ്‌വെയർ ആയാലോ..
പിന്നെ ഒന്നും ആലോചിച്ചില്ല നേരെ സംഭവം ഉണ്ടാക്കാൻ തുടങ്ങി.. ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അതിലേക്ക് കൂടുതൽ ആശയങ്ങൾ വരാൻ തുടങ്ങി… പണിതത് വീണ്ടും പൊളിച്ചു പണിത് വരുമ്പോൾ അടുത്തത് തോന്നും.. ഏതാണ്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇത് തന്നെ അവസ്ഥ.. ഇങ്ങനെ പോയാൽ ഒരിക്കലും ഇത് പുറം ലോകം കാണില്ല എന്ന് തോന്നിയപ്പോൾ രണ്ടും കല്പ്പിച്ചു ഒരിടത്ത് അങ്ങ് നിർത്തി പുറത്തിറക്കി..
വീണ്ടും ഇങ്ങനെ ഓരോ പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും അത് വച്ചു എന്തെങ്കിലും ചെയ്യാൻ തോന്നും.. ഇത് പലപ്പോഴായി സംഭവിച്ചപ്പോൾ വർഷങ്ങൾക്ക് ശേഷം എനിക്ക് ഒരു തിരിച്ചറിവുണ്ടായി..
ഞാൻ കാത്തിരുന്നത് പോലെ Perfect Idea എന്നൊരു സംഭവം ഇല്ല.. ചുറ്റും നിരീക്ഷിക്കുക എന്തെങ്കിലും ചെറിയ ആശയങ്ങൾ എല്ലാവർക്കും കിട്ടും.. അതിന്റെ കൂടെ നമ്മളുടെ കഷ്ടപ്പാടുകളും കഠിനാധ്വാനവും കൂടി ചെറുമ്പോഴാണ് അതൊരു വലിയ ആശയമായി മാറുന്നത്..
വെറുതെ മനസ്സിൽ ചിന്തിച്ചുകൊണ്ട് നടന്നാൽ ഒരു പരിധിക്ക് അപ്പുറത്തേക്ക് കാണാൻ നമ്മൾക്കു കഴിയില്ല.. പകരം എത്ര ചെറിയ കാര്യമാണെങ്കിലും അതിനു വേണ്ടി പ്രവർത്തിച്ചു തുടങ്ങുമ്പോൾ കൂടുതൽ സാദ്ധ്യതകൾ നമ്മൾക്ക് കാണാൻ കഴിയും..
ഏറ്റവും ലളിതമായി പറഞ്ഞാൽ.. എനിക്ക് വ്യത്യസ്തമായ ഒരു ബിരിയാണി വയ്ക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ.. അതോർത്തു തല പുകച്ചു നടക്കുകയല്ല വേണ്ടത്..
അതിന് ആദ്യം ഒരു സാധാ ബിരിയാണി ഉണ്ടാക്കാൻ പഠിക്കണം.. അത് ഉണ്ടാക്കുന്നതിൽ expert ആകുമ്പോൾ തീർച്ചയായും പുതിയ പരീക്ഷണങ്ങൾ നടത്താനും എന്തെങ്കിലും പുതിയതായി ഉണ്ടാക്കുവാനും കഴിയും..
എന്റെ എട്ട് വർഷത്തെ അന്വേഷണത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് ഈ തിരിച്ചറിവ്.. എന്നെപ്പോലെ അലഞ്ഞു നടക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു…
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.