Government Schemes

മുദ്ര ലോണ്‍

Pinterest LinkedIn Tumblr

മുദ്ര എന്ന പേരില്‍ അറിയപ്പെടുന്ന ലോണിനെപ്പറ്റിയാണ്. അതിന്‍റെ പ്രോസസിങ്ങ് രീതിയെപ്പറ്റിയൊന്നുമല്ല. അതൊക്കെ പിന്നീട് പോസ്റ്റിടാം. എന്നാല്‍ ഇപ്പോൾ ഒരു സുഹൃത്തിന്‍റേതായി വന്ന ഫോണ്‍ സന്ദേശമാണ് ഈ കുറിപ്പിനാധാരം. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് ഫെയ്സ് ബുക്കില്‍ മുദ്ര ലോണ്‍ ശരിയാക്കിക്കൊടുക്കാം എന്ന് പറഞ്ഞ് കണ്ടതായ ഒരു നമ്പറിലേക്ക് മെസ്സേജ് അയച്ചത്രേ.

മറുപടിയായി ഒരു മെസ്സേജ് വന്നു. സിബില്‍ സ്കോർ 400 മതി എന്ന് പറഞ്ഞു. ഒരു ലക്ഷം മുതല്‍ 3 ലക്ഷം വരെ ഓണ്‍ലൈനായി നല്‍കുന്നുവെന്ന്. പാന്‍ കാർഡ് ഇല്ല എങ്കില്‍ ഒരു ലക്ഷം വരെയാണ് നല്‍കുന്നത്. മുംബൈയാണ് ഇവരുടെ ഓഫീസ് അഡ്രസ് കാണിച്ചിരിക്കുന്നത്. ഇതിന് ലോണ്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് ചാർജ്ജ് ആയി 1900 രൂപ അടക്കണമെന്നുമാണ് മെസ്സേജ് വന്നത്.

ഇവിടെ ചില കാര്യങ്ങൾ പറയാം. മുദ്ര എന്നത് ബാങ്കുകൾ സംരംഭത്തിനായി നല്‍കുന്ന ഒരു വായ്പയാണ്. Micro Unit Development & Refinancing Agency എന്നതാണ് പൂർണ്ണരൂപം പരമാവധി 10 ലക്ഷം വരെയാണ് നല്‍കുന്നത്. ഇതിനായി എന്താണ് നിങ്ങളുടെ സംരംഭം എന്ന് വ്യക്തമാക്കുന്ന ഒരു പ്രൊജക്ട് റിപ്പോർട്ട് ആവശ്യമുണ്ട്. മുദ്രക്ക് സർവീസ് ഏരിയ എന്നയൊരു കണ്‍സെപ്റ്റ് ഇല്ലാ എന്നത് കൊണ്ട് തന്നെ ഏത് ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാംം. എന്നാല്‍ പ്രായോഗിക തലത്തില്‍ നിങ്ങൾക്ക് അക്കൌണ്ട് ഉള്ള ബാങ്കിനെ സമീപിക്കുന്നതാണ് ഉത്തമം.

കാരണം അവർക്ക് നിങ്ങളെ പരിചയമുള്ളത് കൊണ്ട് കാര്യങ്ങൾ എളുപ്പമാകും. അതിനാല്‍ മുദ്ര ലോണ്‍ ആവശ്യമുള്ളവർ ബാങ്കിനെ നേരിട്ട് സമീപിച്ച് നിങ്ങളുടെ സംരംഭം എന്താണെന്ന് ബാങ്കിനെ ബോധ്യപ്പെടുത്തി അവർ തരുവാന്‍ തയ്യാറാണെങ്കില്‍ ബാങ്ക് ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കുക. ഓർക്കുക ഇത് വ്യക്തിപരമായ വായ്പയല്ല. സംരംഭങ്ങൾക്ക് മാത്രം. പുതിയ സംരംഭങ്ങൾക്കും നിലവിലുള്ളവ വിപുലീകരണത്തിനും ലഭ്യമാണ്. സബ്സിഡി ഇല്ല എന്നോർക്കുക. ഉല്‍പ്പാദന, സേവന, കച്ചവട സംരംഭങ്ങൾക്ക് ലഭ്യമാണ്. ഇതിനായി ബാങ്ക് പ്രത്യേക ഫീസ് ഒന്നും വാങ്ങാറില്ല എന്നറിയുക.

അറിയുവാനുള്ള മറ്റൊരു കാര്യം CIBIL (Credit Information Bureau Limited) ഒരു 630 ന് എങ്കിലും മുകളില്‍ ഉണ്ടെങ്കിലേ ഏതൊരു ബാങ്കും ലോണ്‍ അനുവദിക്കുകയുള്ളു. അപ്പോഴാണ് വാട്സ്ആപ്പില്‍ മാത്രം പരിചയമുള്ളവർക്ക് 400 മതി എന്ന് പറയുന്നത്.

ഇനി ഏജന്‍സികളുടെ കാര്യം. ചില ബാങ്കുകൾ DSA (Direct Selling Agent) എന്ന പേരില്‍ ചില സ്വകാര്യ ഏജന്‍സികളെ ലോണ്‍ പ്രോസസിങ്ങനായി വെച്ചിട്ടുണ്ട്. അവർക്ക് കമ്മീഷന്‍ നല്‍കുന്നത് ബാങ്ക് ആണ്. പിന്നെയുള്ളത് സ്വകാര്യ സ്ഥാപനങ്ങൾ ആണ്. അവർ അവരുടേതായ ഒരു സംരംഭം എന്ന നിലക്കാണ് അത് നടത്തുന്നത് എന്ന് മനസ്സിലാക്കുക. പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുവാനും മറ്റും അവർ കണ്‍സൾട്ടിങ്ങ് ഫീസ് വാങ്ങുന്നുണ്ടാകും.

പക്ഷേ ഏജന്‍സിക്ക് അവരുടെ സേവനത്തിന് പൈസ കൊടുത്തുവെന്നത് നിങ്ങൾക്ക് ലോണ്‍ കിട്ടും എന്നതിന്‍റെ ഗ്യാരന്‍റി അല്ല. നിങ്ങൾക്ക് ലോണ്‍ കിട്ടുന്നത് നിങ്ങളുടെ മാത്രം യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. ആ യോഗ്യത എന്താണ് എന്നത് ബാങ്കില്‍ നേരിട്ട് ചോദിച്ച് മനസ്സിലാക്കുക. ഇത് പറയുവാന്‍ കാരണം ഏജന്‍സിക്കാരന്‍ ലോണ്‍ നല്‍കാം എന്ന് പറഞ്ഞു പറ്റിച്ചുവെന്ന പരാതി പലപ്പോഴും ഞങ്ങൾ കേൾക്കാറുണ്ട്.

കേന്ദ്ര സർക്കാരിന് PMFME (Prime Minister Formalisation of Micro Food Enterprises) എന്നയൊരു സബ്സിഡി സ്കീം ഉണ്ട്. പരമാവധി 10 ലക്ഷം വരെ സബ്സിഡി കിട്ടും. പക്ഷേ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് മാത്രം ആണ്. ഇതിന് DRP (District Recourse Person) എന്ന പേരില്‍ ഒരാളെ സർക്കാർ നിയമിച്ചിട്ടുണ്ട്. ബാങ്കിനും വ്യവസായ ഓഫീസിനും ടാർജറ്റ് ഉള്ളതിനാല്‍ ഇവരാരെങ്കിലും നിങ്ങളെ സമീപിക്കാം. ആവശ്യെങ്കില്‍ ഇവരോട് സഹകരിക്കുക. നിങ്ങൾക്ക് ലോണിന്‍റെ യോഗ്യത ഉണ്ടെങ്കില്‍ ബാങ്ക് തന്നോളും. ഇവർക്കും നമ്മൾ പൈസ ഒന്നും നല്‍കേണ്ടതില്ല. കമ്മീഷന്‍ സർക്കാർ നല്‍കിക്കൊള്ളും.

മറ്റൊന്ന് വ്യവസായ വകുപ്പ് നിങ്ങളുടെ പഞ്ചായത്തില്‍ നിയമിച്ചിരിക്കുന്ന EDE (Entrepreneur Development Executive) മാരെ നിങ്ങൾക്ക് മുദ്ര ലോണിനായി സമീപിക്കാവുന്നതാണ്. മുദ്ര മാത്രമല്ല പി എം ഇ ജി, പി എം എഫ് എം ഇ, മാർജിന്‍ മണി ഗ്രാന്‍റ്, വ്യവസായ വകുപ്പിന്‍റെ ഉല്‍പ്പാദന സംരംഭങ്ങൾക്കുള്ള സബ്സിഡി സ്കീമായ ഇ എസ് എസ് എന്നിവക്കൊക്കെ EDE മാരുടെ സഹായം തേടാവുന്നതാണ്.

അത് കൊണ്ട് മുന്‍കൂറായി പൈസ തരു എന്ന് പറയുമ്പോൾ ഞാന്‍ നേരിട്ട് ബാങ്കില്‍ ചെല്ലാം എന്ന് പറയുക. ഓർക്കുക ഏത് ഏജന്‍സിക്ക് മെസ്സേജ് അയച്ചാലും ബാങ്ക് നിങ്ങളോട് സംസാരിക്കാതെ നിങ്ങളുടെ സംരംഭം കാണാതെ (പുതിയത് ആണെങ്കില്‍ കെട്ടിടവും സ്ഥലവും പരിശോധിക്കാതെ) ലോണ്‍ തരുമെന്ന് ചിന്തിക്കരുത്. അല്ലെങ്കിലും നമ്മുടെ തൊട്ടടുത്തുള്ള ബാങ്കില്‍ നിന്ന് ഒരു ലോണിനായി എന്തിനാണ് മുംബൈക്കാരന്‍റെ സഹായം.

https://www.mudra.org.in/ ഈ സൈറ്റ് സന്ദർശിച്ചാല്‍ മുദ്ര ലോണിനെപ്പറ്റി മനസ്സിലാക്കാം.

വാല്‍ക്കഷണം – 1900 എടുത്തിട്ട് ബാക്കി നല്‍കിയാല്‍ മതിയെന്ന് മെസ്സേജ് അയക്കുവാന്‍ പറയു എന്ന് സുഹൃത്തിനോട് പറഞ്ഞാണ് ഫോണ്‍ വെച്ചത്.

ലോറന്‍സ് മാത്യു

ഉപജില്ലാ വ്യവസായ ഓഫീസർ

കോട്ടയം താലൂക്ക്

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.