Stories

പ്ലസ് ടു പെണ്ണ് കാണൽ

Pinterest LinkedIn Tumblr

പ്ലസ് ടുവിൽ പഠിക്കുമ്പോൾ ഞാൻ പെണ്ണ് കാണാൻ പോയിട്ടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ, അതും ഇങ്ങ് കോട്ടയത്തു നിന്ന് വയനാട് വരെ.

അയ്യേ, എനിക്ക് വേണ്ടിയല്ല എന്റെ കൂടെ പഠിക്കുന്ന കൂട്ടുകാരന് വേണ്ടി നടത്തിയ ഒരു സഹസിക യാത്ര, കഥ പറയുന്നതിന് മുന്നേ അവനെപ്പറ്റി ഒരു വാക്ക് പറഞ്ഞില്ലെങ്കിൽ ശരിയാവില്ല.

പ്ലസ് 2 പുതിയ സ്കൂളിൽ ചെന്ന് രണ്ട് ദിവസം കഴിഞ്ഞു ക്ലാസ്സിൽ ആരോ കൊഞ്ചിനെ കണ്ടിട്ടില്ല എന്ന് പറയുന്ന കേട്ടിട്ട് അടുത്ത ദിവസം മുഴുത്ത ഒരു കൊഞ്ചിനെ എവിടുന്നോ സംഘടിപ്പിച്ചു ക്ലാസ്സിൽ കൊണ്ടുവന്ന ആളാണ് ആശാൻ. റോൾ നമ്പർ അനുസരിച്ചു ക്ലാസ്സിൽ ഇരുത്തിയപ്പോഴാണ് ഞങ്ങൾ ഒരു ബെഞ്ചിൽ വരുന്നതും കമ്പനി ആകുന്നതും.

അങ്ങനെ ആദ്യത്തെ വർഷം കടന്നുപോയി രണ്ടാം വർഷം ഡിസംബർ അടുക്കാറായപ്പോൾ അവൻ പറഞ്ഞു ക്രിസ്തുമസ് അവധിക്കു നമ്മൾക്ക് ഒരു കട്ട്‌ ചെയ്സ് ജീപ്പ് ഒക്കെ എടുത്ത് ഒന്ന് വയനാട് വരെ പോകാം, എന്തിനാ.

സയൻസ് ബാച്ചിലെ ഒരു പെങ്കൊച്ചിന്റെ വീട് വയനാട്ടിൽ ആണ്, അവന്റെ ക്രഷ് ആണ്. അവിടെ ഇപ്പോഴേ പോയി ഒരു ബന്ധം സ്ഥാപിച്ചാൽ ഭാവിയിൽ കാര്യങ്ങൾ എളുപ്പം ആകുമല്ലോ.

ആശാൻ വെറുതെ തള്ളിയത് ആണെങ്കിലും ഞാൻ വെറുതെ വിട്ടില്ല, കാരണം എനിക്ക് അവിടെ ബന്ധുക്കൾ ഉണ്ട്, മാത്രമല്ല ഇവൻ പറഞ്ഞ സമയത്ത് തന്നെ അവിടെ ഒരു കല്യാണത്തിന് വീട്ടിൽ ക്ഷണവും ഉണ്ട്. ഇവൻ കൂടി വരുവണേൽ കല്യാണത്തിന് ഞാൻ തന്നെ പോയാൽ മതിയാകും.

അങ്ങനെ ഞാൻ അവന്റെ അടുത്ത് ഇങ്ങനെ ഒരു പ്ലാൻ അവതരിപ്പിച്ചു, വയനാട് ഒക്കെ പോകാം പക്ഷേ ജീപ്പ് ഒന്നും നടക്കില്ല എന്റെ കൂടെ ബസിൽ വരണം വൈകുന്നേരം കയറിയാൽ വെളുപ്പിന് വയനാട് എത്തും പിറ്റേന്ന് കല്യാണം കൂടി വൈകുന്നേരം തിരിച്ചും ബസിൽ പോരും, ഇതിന്റെ ഇടയിൽ നീ മറ്റേ വീട് അന്വേഷിച്ചു പോകുകയോ എന്താന്ന് വച്ചാൽ ആയിക്കോ..

അവൻ എല്ലാത്തിനും സമ്മതം പറഞ്ഞു പക്ഷേ ക്ലാസ്സിൽ ഏറ്റവും കൂടുതൽ പോസ്റ്റ്‌ കൊടുത്തതിനു റെക്കോർഡ് ഉള്ള ആളാണ് അതുകൊണ്ട് വരുമെന്ന് പറഞ്ഞാലും ഒരു ഉറപ്പുമില്ല.

അങ്ങനെ ഞാൻ വീട്ടിൽ പറഞ്ഞു സമ്മതിപ്പിച്ചു, ഡിസംബർ 26 ന് വൈകിട്ട് ബസിൽ കയറി ഇരിക്കുകയാണ്. അന്ന് മൊബൈൽ ഒന്നും സുലഭം അല്ലല്ലോ, അവധിക്ക് പിരിയും മുൻപ് സമയവും തീയതിയും ഒക്കെ പറഞ്ഞു ഉറപ്പിച്ചതാണ്.

അങ്ങനെ ചതിക്കാത്ത ചന്തുവിലെ നവ്യ നായരേ പോലെ ഒരാൾ കൂടിയുണ്ട് ഇപ്പോൾ വരും എന്നൊക്കെ പറഞ്ഞു ഇരിക്കുമ്പോഴും എന്റെ മനസ് പറയുന്നുണ്ട് അവൻ വരില്ല തന്നെ പോകേണ്ടി വരും. എന്നാലും കുഴപ്പമില്ല എന്ന് കരുതി ഇരിക്കുമ്പോൾ ദാ ഒരു ഓട്ടോറിക്ഷ വന്ന് നിൽക്കുന്നു അതിൽ നിന്ന് അവന്റെ മാസ്സ് എൻട്രി.

അങ്ങനെ ഞങ്ങൾ വയനാട് ചെന്നു, അവിടെ അങ്കിളിന്റെ വീട്ടിൽ നിൽക്കാൻ ആണ് പ്ലാൻ. ഈ വയനാട്കാർക്ക് ഒരു പ്രത്യേകതയുണ്ട്, ഓരോ നാട്ടിലും ഉള്ളവർ തമ്മിൽ ഭയങ്കര കണക്ഷൻ ആയിരിക്കും, നാട്ടിൽ പുതിയതായി ആര് വന്നാലും കൃത്യമായി എല്ലാവർക്കും മനസിലാകും. അതുപോലെ എല്ലാവരോടും പെട്ടന്ന് സൗഹൃദം ആകുന്നവരുമാണ്.

അവനും ഏതാണ്ട് ആ ടൈപ് ആയോണ്ട് ചെന്നിറങ്ങി നിമിഷ നേരംകൊണ്ട് എല്ലാവരെയും കയ്യിലെടുത്തു.

ഇതിപ്പോ എന്റെ അങ്കിളിന്റെ വീടാണോ അവന്റെ ആണോന്ന് വരെ തോന്നിപ്പോകുന്ന രീതിയിലാണ് അവന്റെ പെർഫോമൻസ്. പിറ്റേന്ന് കല്യാണത്തിന് വിളമ്പാൻ വരെ ആശാൻ മുന്നിലുണ്ടായിരുന്നു.

അങ്ങനെ അവിടെ കസിൻസ് അയൽക്കാർ ഒക്കെ ആയിട്ട് അവൻ വൻ കമ്പനി. എന്നാപ്പിന്നെ ഒരു ദിവസം കൂടി അവിടെ തുടരാം എന്നായി ഞങ്ങളുടെ പ്ലാൻ. അങ്ങനെ എല്ലാവരും കൂടി ഓരോ ദിവസവും ഓരോ സ്ഥലങ്ങളിലേക്ക് ട്രിപ്പ്‌ പോകും, വൈകുന്നേരം ആകുമ്പോൾ മടക്ക യാത്ര അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കും.

ഇതിനിടയിൽ കമ്പനി കൂടി ഇവന്റെ ആഗമന ഉദ്ദേശം ഒക്കെ കസിൻസിന്റെ അടുത്തൊക്കെ അവതരിപ്പിച്ചു എന്നാലും ആശാൻ അതൊക്കെ വിട്ട മട്ടാണ്. അവനു അവിടെ പോകാനുള്ള ധൈര്യം ഒന്നുമില്ല എന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

അങ്ങനെ 2 ദിവസത്തേക്ക് വന്ന ഞങ്ങൾ ഏതാണ്ട് ഒരാഴ്ച ആയിട്ടും അവിടെ തന്നെ കറങ്ങി നടക്കുകയാണ്. അങ്ങനെ ഇരിക്കുമ്പോൾ എന്റെ വീട്ടിൽ നിന്ന് ഒരു കാൾ വരുന്നു.

നിന്റെ കൂടെ ഉള്ളവനോട്‌ ഒന്ന് വീട്ടിൽ വിളിക്കാൻ പറ സ്കൂളിൽ നിന്ന് പ്രിൻസിപ്പൽ അച്ഛൻ വിളിച്ചു എന്ന്.

ഇതിപ്പോ എന്തിനാ പ്രിൻസിപ്പൽ വിളിക്കുന്നെ എന്നൊക്കെ ഉള്ള സംശയത്തിനു മറുപടി കിട്ടിയത് അവന്റെ അന്നേരം ഉള്ള കുമ്പസാരത്തിൽ നിന്നാണ്.

അതായത് ഒരു വെറൈറ്റിക്ക് ഇത്തവണ ആശാൻ പോസ്റ്റ്‌ കൊടുത്തത് സ്വന്തം വീട്ടുകാർക്കിട്ടാണ്. ആശാൻ അടുത്തെവിടെയോ പള്ളി പെരുന്നാൾ കൂടാൻ പോകുവാണെന്നു പറഞ്ഞിട്ടാണ് എന്റെ കൂടെ പോന്നിരിക്കുന്നത്. എന്നിട്ട് ഇത്രയും ദിവസം ആയിട്ടും വീട്ടിലേക്ക് വിളിച്ചിട്ടുമില്ല.

ഞങ്ങൾ ചോദിക്കുമ്പോൾ ദേ ഇപ്പോൾ വിളിച്ചേ ഉള്ളു രാവിലെ വിളിച്ചാരുന്നു എന്നൊക്കെ അവൻ ഉരുണ്ടു കളിക്കുമായിരുന്നു.

പിന്നെ അവിടെ നിൽക്കാൻ പറ്റുമോ പിറ്റേന്ന് കാലത്ത് തന്നെ കിട്ടിയ ബസ് എല്ലാം പിടിച്ചു ഞങ്ങൾ നാട്ടിലെത്തി. അടുത്ത ദിവസം സ്കൂളിൽ ചെന്നപ്പോ അതിലും വലിയ പുകില്, അവന്റെ വീട്ടുകാർ തപ്പി തേടി ഒടുവിൽ സ്കൂളിൽ ചെന്നു, അങ്ങനെ ഞങ്ങൾ രണ്ടും കൂടി നാട് വിട്ടു പോയതാണ് എന്നൊരു വാർത്ത സ്കൂളിൽ മുഴുവൻ പരന്നു.

അവിടെ നിന്നാണ് എന്റെ വീട്ടിലേക്ക് അന്വേഷണം എത്തിയത്. എന്നാലും കാണുന്നവർക്ക് എല്ലാം അത്ഭുതം നാട് വിട്ടു പോയവർ തിരിച്ചു വന്നതുപോലെയാണ് എല്ലാവരും ഞങ്ങളെ സ്വീകരിക്കുന്നത്.

ഈ പുകിൽ എല്ലാം കഴിഞ്ഞപ്പോ ആണ് അവൻ ഇട്ടിട്ടു പോയ മറ്റൊരു തീപ്പൊരി കത്തി കയറുന്നത്. അവന്റെ യാത്രയുടെ ഉദ്ദേശം കസിൻസ് അവിടെ ആന്റിയുടെ അടുത്ത് പറഞ്ഞിരുന്നു. അത് പതിയെ ചുറ്റി തിരിഞ്ഞ് എന്റെ വീട്ടിലെത്തി.

പിന്നെ വീട്ടിൽ എന്തെങ്കിലും വഴക്ക് ഉണ്ടായാൽ പപ്പ പറയുന്ന ഡയലോഗ് ആയിരിക്കും, അവനു ഒരു കൂട്ടുകാരൻ ഒണ്ട് രണ്ടും കൂടി മുട്ടേന്നു വിരിയുന്നേനു മുന്നേ പെണ്ണ് കാണാൻ പോയേക്കുന്നു, അതോടെ എന്റെ വോയിസ്‌ ഇല്ലാതെ ആകുന്നു, ശുഭം…

അപ്പോ ഈ ചിത്രത്തിലെ അതേ ഭാവം ആകും എന്റെ മുഖത്തും 😌

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.