നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാന്‍ സർക്കാർ സബ്സിഡിയോട് കൂടിയ ലോണുകൾ ലഭ്യമാണ്. പലരും കമന്‍റ് ചെയ്യാറുള്ളത് പോലെ ഇതൊക്കെ സാധാരണക്കാർക്ക് ഒന്നും കിട്ടില്ല, സ്വാധീനമുള്ളവർക്കേയുള്ളു എന്ന രീതിയിലല്ല കാര്യങ്ങൾ. വളരെയധികം പേർക്ക് ലഭിക്കുന്നുണ്ട്. പലരും നന്നായി സ്ഥാപനം നടത്തുന്നുമുണ്ട്. എന്നാല്‍ എടുത്ത ലോണുകൾ കൃത്യമായി തിരിച്ചടക്കുകയെന്നത് പ്രധാനപ്പെട്ടയൊന്നാണ്. അങ്ങനെ ചെയ്താല്‍ ബാങ്കുകൾ നിങ്ങളെ വീണ്ടും വിളിച്ച് ലോണ്‍ നല്‍കുവാന്‍ തയ്യാറാകും.
എന്നാല്‍തിരിച്ചടവിന് പല സംരംഭകരും അത്ര ഉല്‍സാഹം കാണിക്കാറില്ല. ജീവിതത്തില്‍ ആദ്യമായി ഈയുള്ളവന്‍ ഉല്‍ഘാടനം ചെയ്ത ഒരു സംരംഭം ഉണ്ട്. പി എം ഇ ജി പി പദ്ധതിയില്‍ തുടങ്ങിയ സംരംഭം. ബ്യൂട്ടി പാർലർ ആണ്. ബാങ്കില്‍ നിരന്തര ഇടപെടല്‍ നടത്തിയതിനാല്‍ മാത്രം ലഭിച്ച ലോണ്‍. എന്നാല്‍ സംരംഭക ഇപ്പോൾ ഏതോ ഗൾഫ് നാട്ടിലാണ്, ലോണ്‍ അടക്കുന്നില്ല. മറ്റൊന്ന് ഒരു ചെറുപ്പക്കാരന്‍ ആണ്.
30 ലക്ഷം ആവശ്യപ്പെട്ടപ്പോൾ പല കാരണങ്ങൾ കൊണ്ടും ബാങ്ക് നല്‍കുവാന്‍ തയ്യാറാകാതെ വന്നപ്പോൾ വ്യവസായ ഓഫീസറുടെ ഇടപെടല്‍ കൊണ്ട് സംരംഭം ആരംഭിക്കുവാനാവശ്യമായ തുക മാത്രം (30 കിട്ടിയില്ല) ലോണ്‍ നല്‍കുവാന്‍ ബാങ്ക് തയ്യാറായ കേസ്. പി എം ഇ ജി പി ആണ്. സംരംഭം തുടങ്ങി എന്നാല്‍ ലോണ്‍ ഇത് വരെ തിരിച്ചടച്ചില്ല. ആൾക്ക് കസ്റ്റമർ തീരെ കുറവാണത്രെ. ഈ രണ്ട് കേസിലും ബാങ്ക് ഞങ്ങളെ ബന്ധപ്പെട്ടപ്പോൾ ആണ് വിവരം അറിഞ്ഞത്. 30 ലക്ഷം നല്‍കിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നിരിക്കും അവസ്ഥ. ഇപ്പോൾ തോന്നുന്നു വായ്പ നിരസിക്കുവാന്‍ ബാങ്ക് ആദ്യം എടുത്ത തീരുമാനം ആണ് ശരി എന്നത്.
ലോണ്‍ തിരിച്ചടക്കുവാന്‍ ആവശ്യപ്പെടുമ്പോൾ നീരവ് മോദി കൊണ്ട് പോയില്ലേ, വിജയ് മല്യ കൊണ്ട് പോയിട്ട് എന്ത് ചെയ്തു. എന്‍റെ ഒരു 5 ലക്ഷമേ പ്രശ്നമുള്ളോ എന്നൊക്കെ ചോദിക്കുന്നവരെ കണ്ടിട്ടുണ്ട്. നമ്മൾ ലോണ്‍ തിരിച്ചടക്കാത്തതിന് ഇതൊന്നും ന്യായീകരണമല്ല എന്നോർക്കുക.
പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് കാരണം പിറകെ വരുന്ന സംരംഭകരെ ബാങ്ക് സംശയത്തോടെ കാണുന്നതില്‍ അവരെ തെറ്റ് പറയുവാന്‍ കഴിയുമോ? ചിലരുടെ ഇത്തരം പ്രവർത്തികൾ കാരണം കേരളത്തിന്‍റെ സംരംഭക വികസനത്തിന് തന്നെയാണ് മങ്ങലേല്‍ക്കുന്നത്.
അത് കൊണ്ട് എല്ലാവർക്കും സാധ്യമായ പണിയല്ല ഒരു സംരംഭം നടത്തുകയെന്നത് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുക. എല്ലാ പണിയും പരാജയപ്പെട്ടവരുടെ അവസാനത്തെ അത്താണിയും അല്ല സംരംഭകത്വം. ഒരു സംരംഭകന്‍ നല്ലയൊരു ഫിനാന്‍സ് മാനേജരാവണം. തങ്ങൾ എടുക്കുന്ന വായ്പ പലിശ സഹിതം തിരിച്ചടച്ച് കൊള്ളാമെന്ന് മുന്നമേ ബാങ്കിനെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം തങ്ങളുടേത് മാത്രമാണെന്ന ബോധ്യം ഉണ്ടാവുക എന്നത് പ്രധാനപ്പെട്ടയൊന്നാണ്.
പലരും ഇങ്ങനെ ചെയ്യുമ്പോൾ തകരുന്നത് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രെഡിബിലിറ്റി ആണ്. പിന്നീട് മറ്റൊരു അപേക്ഷയുമായി ബാങ്കില്‍ ബന്ധപ്പെടുവാന്‍ കഴിയാത്ത സ്ഥിതി സംജാതമാകുന്നു.
ആയതിനാല്‍ വായ്പ എടുക്കുന്നതിന് മുന്നമേ ഗഹനമായി ആലോചിക്കുക. എന്നെക്കൊണ്ട് ഇതിന് പറ്റുമോ, ഇതില്‍ നിന്നും ലോണ്‍ തിരിച്ചടക്കുവാന്‍ കഴിയമോ, മാർക്കറ്റ് എങ്ങനെ എന്നൊക്കെ. ഇതിനൊന്നും കഴിയില്ല എങ്കില്‍ മറ്റെന്തെങ്കിലും ജോലിക്കു് പോവുക. എന്നാല്‍ Genuine ആയിട്ടുള്ളവർക്ക് വേണ്ടി PMEGP, PMFME, Margin Money Grant പോലുള്ളവ ഉണ്ട് എന്നും അറിയുക. കൂടുതലറിയുവാന്‍ അടുത്തുള്ള വ്യവസായ വകുപ്പ് ഓഫീസുകളെ സമീപിക്കുക.
ലോറന്‍സ് മാത്യു
ഉപജില്ലാ വ്യവസായ ഓഫീസർ
കോട്ടയം
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.